നവോത്ഥാന സാഹിത്യവും ഉറൂബും

      സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വിഖ്യാതമായ നോവലാണ് സുന്ദരികളും സുന്ദരന്മാരും. 1956ലാണ് ഈ നോവൽ രചിക്കപ്പെട്ടത്.ഒന്നാം ലോകമഹായുദ്ധം, മലബാർ കലാപം, ഖി ലാഫത്ത്,ദേശീയ പ്രക്ഷോഭം, കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ,ക്വിറ്റിന്ത്യാ സമരം,രണ്ടാം ലോകമഹായുദ്ധം, ഹിരോഷിമ എന്നിങ്ങനെയുള്ള ചരിത്രാനുഭവങ്ങളെയും ദേശീയത, സ്വാതന്ത്ര്യം,സാമ്രാജ്യവിരോധം തുടങ്ങിയ ആശയരൂപീകരണങ്ങളെയും കൂട്ടിയിണക്കി മൂന്ന് പതിറ്റാണ്ടിലധികം വരുന്ന കാലയളവിലെ മലബാറിലെ സാമൂഹ്യ ജീവിതത്തിന്റെ കഥ പറയുകയാണ് ഈ നോവൽ.

        ചിതറി പരക്കുന്ന ജീവിതത്തെ ആഖ്യാനത്തിനകത്ത് കെട്ടിയുറപ്പിച്ചു നിർത്തുന്ന സാങ്കേതികതയുടെ വിവരണമാണിത്. സ്വതന്ത്രമായ നിലനിൽപ്പുള്ള ഏഴു കഥാഖണ്ഡങ്ങൾ ഒന്നിനൊന്ന് ഒത്തിണങ്ങി നിന്ന് കാലത്തു ടർച്ചയുടെയും ജീവിതപരിണാമത്തിന്റെയും കഥയായിത്തീരുന്നു.

       ഈ കഥയിലെ ധാരാളം കഥാപാത്രങ്ങളിൽ സ്വത്വ പരിണാമം കാണാൻ കഴിയും.ഇരുമ്പൻ ഗോവിന്ദൻ നായരിൽ നിന്ന് സുലൈമാനിലേക്കുള്ള പരിവർത്തനം ഈ ഒരു പരിണാമത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഒന്നാണ്. ഒരർത്ഥത്തിൽ ഈ നോവലിന്റെ ഭാവകേന്ദ്രം ആയിരിക്കാൻ കഴിയുന്നത്ര പ്രബലമാണ് ഈ കഥാപാത്രം.ചിരന്തനമായ മാനവിക മഹത്വം എന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ഇരുമ്പൻ ഗോവിന്ദൻ നായരും സുലൈമാനും ലളിതമായ ഒരു ചങ്ങലയിലെ കണ്ണികൾ അല്ല. ഗോവിന്ദൻ നായർ കുഞ്ചു കുട്ടിയെ വരിക്കുന്നത് പ്രബലമായ കാലചക്രവാത ങ്ങൾ ആഞ്ഞുവീശിയ ഒരു പ്രതിസന്ധി വേളയിലാണ്. അയാളുടേത് എന്നതിലപ്പുറം  ചരിത്ര സന്ദർഭങ്ങളുടേതാണ് ആ ഇടപെടൽ. സുലൈമാൻ ആയി അയാളെ മാറ്റി തീർക്കുന്നതും ഇതേ ബലങ്ങളാണ്. പക്ഷേ സുലൈമാനിലേക്കുള്ള പരിവർത്തനത്തിന് ശേഷം പടിപടിയായി ഒരു സ്വയം പര്യാപ്ത കർതൃത്വത്തിലേക്ക് എത്തിപ്പെടുന്ന ഒരു ആധുനിക വ്യക്തിയെയാണ് നാം നോവലിൽ കാണുന്നത്. ഇത് അയാൾക്ക് കൈവന്ന പുതിയ മത ജീവിതത്തിന്റെ വിശിഷ്ടഫലം ഒന്നുമല്ല. മറിച്ച് മതപരമായി നിർണയിക്കപ്പെട്ട സ്വത്വഘടനയെ കൈയൊഴിയുന്ന പുതിയ സ്വത്വ സ്ഥാപനങ്ങളായി, വ്യക്തികളായി മനുഷ്യർ പരിണമിക്കുന്ന ഒരു ചരിത്ര സന്ദർഭത്തിന്റെ വെളിപ്പെടലാണ്.

         ഇങ്ങനെ ചരിത്രവുമായുള്ള വൈരുദ്ധ്യാത്മക ബന്ധം നിലനിർത്തിക്കൊണ്ട് ആധുനിക ചരിത്രത്തിന്റെ വാഗ്മയങ്ങൾ ആയിത്തീരുന്ന കഥാപാത്രങ്ങൾ ഈ നോവലിൽ വേറെയുമുണ്ട്. ലക്ഷ്മിക്കുട്ടി,രാധ,ശാന്ത, ഗോപാലകൃഷ്ണൻ എന്നിവരൊക്കെ ഏറിയും കുറഞ്ഞും ഇത്തരം ഒരു പരിണാമ പ്രക്രിയയിലെ പങ്കാളികളാണ്.

          കാർത്തികേയൻ, കുഞ്ഞിരാമൻ ഗോപികുറുപ്പ്, വേലു നായർ തുടങ്ങിയവർ പക്ഷേ ഇതിന് എതിർ ദിശയിൽ നിലകൊള്ളുന്നവരാണ്. ഗോപിക്കുറുപ്പും വേലു നായരും മറ്റും വ്യത്യസ്ത അനുപാതങ്ങളിൽ നാടുവാഴിത്തപരമായ പ്രത്യയശാസ്ത്ര ഘടനക്കുള്ളിൽ തളയ്ക്കപ്പെട്ടിരിക്കുന്നു എന്ന് പറയാം. കാർത്തികേയനും കുഞ്ഞിരാമനും ആധുനികരായ സ്വതന്ത്ര വ്യക്തികൾ ആണ്. ഇങ്ങനെ കർതൃപരമായി വിപരീത നിലകളിൽ നിൽക്കുന്ന ഒരു കൂട്ടം കഥാപാത്രങ്ങളും കർത്തൃപരിണാമത്തിന് വിധേയരാകുന്ന മറ്റൊരു കൂട്ടം കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധസംഘർഷങ്ങളാണ്  സുന്ദരികളും സുന്ദരന്മാരും എന്ന നോവലിനെ ചരിത്രവൽക്കരിക്കുന്നത്.

       ഈ നോവലിലെ കേന്ദ്രകഥാപാത്രമായി പരിഗണിക്കപ്പെടുന്ന വിശ്വം സവിശേഷ ശ്രദ്ധ അർഹിക്കുന്ന വിധത്തിൽ ഏറെ വ്യത്യസ്തതകൾ പുലർത്തുന്നുണ്ട്. ഭൂമിയുടെ അറ്റം തേടിയുള്ള വിശ്വത്തിന്റെ യാത്രകൾ സംയുക്തികമായ അനുഭവക്രമങ്ങളിലേക്ക് മെരുക്കാനാവാത്ത  ഒരു അനുഭൂതി മേഖലയുടെ സൂചനകളാണ്.

           കോഴി മുട്ടകൾ കുഴിച്ചിട്ട അയാളുടെ ശൈശവ ഭാവനയിൽ തന്നെ ഈയൊരു ഘടകം സന്നിഹിതം ആയിട്ടുണ്ടെന്ന് കാണാം. ആധുനികമായ അഭിജ്ഞാനക്രമങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരു അനുഭൂതി മേഖലയുടെ പ്രതിനിധിയാണ് വിശ്വം. ഉദാരമാനവികതയുടെ പ്രത്യയശാസ്ത്രമേഖലയിൽ സ്വയം നിലയുറപ്പിച്ച ഉറൂബിന് വിശ്വത്തെ പൂർണ്ണമായി കെട്ടഴിച്ചുവിടാൻ കഴിയുമായിരുന്നില്ല.അതുകൊണ്ട്  ആധികാരികമായ ഒരു കർതൃസ്വരം നോവലിന്റെ അവസാനഭാഗത്ത് മേൽക്കൈ നേടുന്നു.

        ചപ്പുചവറുകൾ കൊണ്ടാണെങ്കിലും ജീവിതത്തിനൊരു നിറവുണ്ടെന്ന് കണ്ടെത്തുന്ന വിശ്വം സാക്ഷ്യപ്പെടുത്തുന്നത് ഈ ഒരു വൈരുദ്ധ്യത്തെ ആണ്. ഇങ്ങനെ സംയുക്തികമായ ജീവിതാനുഭവ മേഖലയിലേക്ക് പുനരാനയിക്കപ്പെട്ട വിശ്വമാണ് രാധയുമായി ഒത്തുചേർന്ന് വ്യവസ്ഥാപിതമായ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത്.

സ്ത്രീപുരുഷബന്ധങ്ങൾ  ധാരാളമായി ഈ നോവലിൽ ചർച്ചചെയ്യുന്നുണ്ട്. പ്രണയബന്ധങ്ങളും ദാമ്പത്യം എന്ന് വിളിക്കാവുന്ന ചില ബന്ധങ്ങളും നോവലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ നോവലിന്റെ അവസാനത്തിൽ സൂചിതമാകുന്ന രാധയുടെയും വിശ്വത്തിന്റെയും ഭാവി ദാമ്പത്യവും ഉണ്ട്. ഔപചാരികമായ അർത്ഥത്തിൽ പരാജയപ്പെട്ട പ്രണയങ്ങളാണ് നോവലിലേത്. രാമൻ നായർ -കു ഞ്ചുകുട്ടി,ലക്ഷ്മിക്കുട്ടി -രാമൻ നായർ, വിശ്വം- ശാന്ത,രാധ -കുഞ്ഞിരാമൻ എന്നീ ബന്ധങ്ങൾ ഒന്നും വിവാഹത്തിൽ അല്ല പര്യവസാനിക്കുന്നത്. മറു രംഗത്ത് രാമൻ നായർ- മാധവിയമ്മ, കുഞ്ചുകുട്ടി- ഗോവിന്ദൻ നായർ,സുലൈമാൻ- ഖദീജ, ശാന്ത -കാർത്തികേയൻ തുടങ്ങിയ വൈവാഹിക ബന്ധങ്ങൾ പ്രണയപരമായ താൽപര്യങ്ങൾക്കപ്പുറത്തുള്ള സാമൂഹിക കാരണങ്ങളാൽ രൂപപ്പെട്ടവയാണ്. സൂക്ഷ്മമായി നോക്കിയാൽ ഈ പ്രണയ, വിവാഹ ബന്ധങ്ങളാണ് ഈ നോവലിലെ കഥാഖണ്ഡങ്ങളെ കൂട്ടിയിണക്കുന്ന കേന്ദ്രഘടകം എന്ന് കാണാം.

        ഈ നോവലിലെ വിശുദ്ധ വേഴ്ചകൾക്ക് വിഘാതമായി തീർന്നത് സാമൂഹിക ശക്തികളാണ്. നോവലിലെ ദാമ്പത്യങ്ങൾ ഒന്നും പ്രണയപരമായ സ്വഭാവികതയുടെ ഉൽപ്പന്നങ്ങൾ ആയി രൂപപ്പെടുന്നതല്ല. ചരിത്രപരമായ വൻ ആകസ്മികത( കുഞ്ഞുകുട്ടി- ഗോവിന്ദൻ നായർ) മുതൽ സാമൂഹിക പദവി വരെയുള്ള (ശാന്ത- കാർത്തികേയൻ )കാരണങ്ങളാൽ രൂപപ്പെട്ടവയാണ് അവ ഓരോന്നും. എന്നാൽ നോവലിനൊടുവിലെ ഭാവി സൂചനയായി വരുന്ന രാധ- വിശ്വം ബന്ധത്തിന് ഇത്തരമൊരു  ചരിത്രപരമായ അനിയത്വമില്ല.ഏതുതരം ജീവിതാനുഭവത്തിന്റെയും അടിപ്പടവിൽ പ്രസാദാത്മകമായ നന്മയുടെ അടയാളങ്ങൾ ബാക്കിവെച്ച ഉറൂബിന്റെ നവോത്ഥാന ഭാവന സംയുക്തികവും പ്രത്യാശ ഭരിതവുമായ ഒരു പരിസമാപ്തിയെ ലക്ഷ്യമാക്കുന്നത് വിശ്വം- രാധ ബന്ധമായി നാം നോവലിൽ വായിക്കുന്നു.


Comments

Popular Posts